റിയാദ്: സിപിഎം പ്രഥമ സംസ്ഥാന സെക്രട്ടറി സി.എച്ച്. കണാരന്റെ 53-ാം ഓർമദിനം പുതുക്കി കേളി കലാസാംസ്കാരിക വേദി. ബത്ത ഹോട്ടൽ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടത്തിയ അനുസ്മരണ പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷനായി. കേരളം കൈവരിച്ച പുരോഗതിയിൽ ഇടത് സർക്കാരുകളുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെയും പങ്ക് അവിസ്മരണീയമാണ്.
കേരളത്തിന്റെ ഗതിതന്നെ മാറ്റിയ ഭൂപരിഷ്കരണ നിയമം നടപ്പിലാക്കുന്നതിൽ സി.എച്ച്. കണാരൻ നൽകിയ സംഭാവനകൾ താഴെക്കിടയിലെ ജനസമൂഹത്തിന്റെ ഇടയിൽ നിന്നും ലഭിച്ച അനുഭവത്തിന്റെ ബാക്കി പത്രമാണെന്നും ലോക ശ്രദ്ധ ആകർഷിക്കുംവിധം നവംബർ ഒന്നിന് നടക്കുന്ന അതിദാരിദ്ര്യ നിർമാർജനം നടപ്പിലാക്കാൻ ഇടത് സർക്കാരുകളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണെന്നും അനുസ്മരണത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗം ഫിറോഷ് തയ്യിൽ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഒലയ്യ രക്ഷാധികാരി സെക്രട്ടറി ജവാദ് പരിയാട്ട്, മർഖബ് യൂണിറ്റ് അംഗം അനസ് എന്നിവർ സഖാവിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.
രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ സ്വാഗതവും സെബിൻ ഇക്ബാൽ നന്ദിയും പറഞ്ഞു.